top of page

പറക്കുന്നത്ത് ക്ഷേത്ര ട്രസ്റ്റ്

"ധർമ്മ ഏവ ഹതോ ഹന്തി
ധർമ്മോ രക്ഷതി രക്ഷിത: "

ക്ഷേത്രത്തിന്‍റെ സമ്പന്നമായ പൈതൃകവും പവിത്രമായ പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിൽ തുടർച്ചയായ തലമുറകളിൽ അചഞ്ചലമായ സമർപ്പണം പ്രകടമാക്കിയ, കൊല്ലൊടി തറവാട് അംഗങ്ങൾ ആണ്  ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവ് നടത്തുന്നത്. അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും അഗാധമായ അർപ്പണബോധവും ക്ഷേത്രത്തിനെ ഒരു ആത്മീയ സങ്കേതമായും അത് സേവിക്കുന്ന സമൂഹത്തിന് സാംസ്കാരിക അടിസ്ഥാനശിലയായും നിലനിര്‍ത്തുമെന്ന് ഉറപ്പുനൽകുന്നു

ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവ് 

                  മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും മദ്ധ്യേ മൂടാലിൽ നിന്നും 2 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചെല്ലൂർ ശ്രീ അന്തിമഹാകാളൻ കാവ്. ഈ ക്ഷേത്രത്തിൽ ശ്രീ അന്തിമഹാകാളനും കാരാഭഗവതിക്കും  തുല്യ പ്രാധാന്യം ആണ്. മറ്റു അന്തിമഹാകാളൻ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ കുളക്കരയിൽ ദേവനും ദേവിയും ഇരിക്കുന്ന ഒരു സങ്കൽപ്പവും ഉണ്ട്. കേരളത്തിലെ ആദിമപരദേവതകളിൽ ഒന്നാണ് ശ്രീ അന്തിമഹാകാളൻ.യുദ്ധദേവതാ സങ്കൽപ്പം ആയതു കൊണ്ട് തന്നെ അതീവ രൗദ്രത നിറഞ്ഞ ഭാവം ആണു ദേവന്റെ , അതുകൊണ്ട് തന്നെ കോപം അടക്കുവാൻ ആണ് ഇവിടെ ദേവിയുടെ പ്രതിഷ്ഠ. കേരളത്തിൽ ആരാധിക്കുന്ന ശൈവമൂർത്തികളിൽ പ്രധാനിയാണ് ശ്രീ അന്തിമഹാകാളൻ. സന്ധ്യാ നടനത്തിലേർപ്പെട്ട ശ്രീ പരമശിവൻ എന്നാണ് സങ്കല്പം. ശ്രീ പരമശിവൻ കലിയുഗത്തിൽ ശ്രീ അന്തിമഹാകാളൻ ആയി തന്റെ ഭക്തരെ അനുഗ്രഹിക്കും എന്നൊരു പഴമൊഴി തന്നെ ഉണ്ട്. 

                        മേഘദൂതത്തിൽ അപ്യന്യസ്മിൻ... ശ്ലോകത്തിൽ കാളിദാസൻ മഹാകാളൻറെ സന്ധ്യാപൂജ കൈക്കൊള്ളാൻ കാത്തുനിന്നാലും സാരമില്ലെന്നാണ് പറയുന്നത്. പിന്നീട് പശ്ചാദുച്ചൈഃ എന്ന 36 – ആം ശ്ലോകത്തിൽ ശിവതാണ്ഡവത്തെ ക്കുറിച്ചും പറയുന്നുണ്ട്.

                                     ശ്രീ അന്തിമഹാകാളനു പ്രദോഷ ദിവസങ്ങളിലെ സന്ധ്യസമയത്തെ പൂജ ആണ് പ്രധാനം. കൂടാതെ "കാരപിടാവ്", എന്ന പ്രത്യേക ശത്രുതാസംഹാര നിവേദ്യ സമർപ്പണവും ദേവിക്ക് പ്രാധാന്യം അർഹിക്കുന്ന വഴിപാട് ആണ്. ദേവിക്ക് മഹാഗുരുതി ചെയ്യുന്നതിലൂടെ സകലബാധാശാന്തിയും, ശത്രുതാ സംഹാരവും സാധ്യമാവുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീ അന്തിമഹാകാളനും ശ്രീ ശക്തിക്കും തുല്യ പ്രാധാന്യം ഉള്ളതിനാൽ ഇവിടെ വിവാഹപരമായ തടസങ്ങൾ നീക്കുവാൻ ഉള്ള വഴിപാടുകളും നടത്തപെടുന്നുണ്ട്. കൂടാതെ ശ്രീ രക്ഷസ്സ്, ശ്രീ നാഗങ്ങൾ മുതലായവക്ക് പ്രത്യേക പൂജകളും ഉണ്ട്. ഈ അടുത്ത കാലത്ത് പുന:പ്രതിഷ്ഠ അടക്കമുള്ള നവീകരണങ്ങൾ നടത്തുകയുണ്ടായി. ശ്രീ അന്തിമഹാകാളൻറെ സ്വരൂപത്തിലുള്ളതും, ശ്രീ ഭദ്രകാളിയുടെ കണ്ണാടി ശിലാവിഗ്രഹവുമാണുള്ളത്. 

ചെല്ലൂർ ശ്രീപറക്കുന്നത്ത് ഭഗവതീ ക്ഷേത്ര സംരക്ഷണ ട്രസ്റ്റിന്റെ കീഴിലാണ് ക്ഷേത്രഭരണം. ദർശനസമയം: കാലത്ത് 6.30 മുതൽ 8.30 വരേയും, വൈകുന്നേരം: 5.00മുതൽ 6.30 വരേയും ആണ്

png-divider-lines-elegant-flourish-flora
bottom of page